ലഹോർ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിലേക്കു പോയ സമയത്ത് ലഹോറിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറി പോലീസ് സംഘം. അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ കോടതിയിലേക്കു പോയിരുന്ന സമയത്താണ് പൊലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് സംഘം അകത്തു കയറുന്ന സമയത്ത് ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇമ്രാനെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പത്തോളം തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകർക്കു പരുക്കേറ്റു. മുപ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. വീട്ടിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം അവിടെ കൂടിയിരുന്ന ഇമാന്റെ പാർട്ടി പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്.