പുസ്തകദിനത്തിൽ പുസ്തകങ്ങൾ കൈമാറി കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം യാത്ര

Social share

നെയ്യാറ്റിൻകര : അക്ഷരാർത്ഥത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗത്തിന്റെ പുസ്തകദിനത്തിലെ കപ്പൽ യാത്ര പുത്തൻ അനുഭവമായി മാറി. നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും പ്രത്യേകം ക്രമീകരിച്ച രണ്ട് എ.സി. ബസുകളിൽ ആരംഭിച്ച കൊച്ചിയിലേക്കുള്ള കപ്പൽ യാത്ര നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു.

പുസ്തകദിനത്തിൽ താൻ രചിച്ച പുസ്തകങ്ങൾ യാത്രക്കാർക്ക് കൈമാറിക്കൊണ്ടാണ് ഫൈസൽ ഖാൻ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ യാത്രക്കാർക്കും ഫൈസൽഖാൻ പുസ്തകങ്ങൾക്കൊപ്പം പുഷ്പശേഖരവും കൈമാറി. എ.ടി.ഒ. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂർ കോ – ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, എസ്.ജി.രാജേഷ്, സുശീലൻ മണവാരി, സി. പ്രിയ, എസ്. ശ്യാമള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. യാത്രക്കാർക്കൊപ്പം ഫൈസൽഖാൻ നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരം വരെ ബസിൽ യാത്ര ചെയ്തു.

കൊച്ചിയിൽ എത്തിയ ശേഷം യാത്രയിലെ സംഘാംഗങ്ങൾ നെഫർറ്റിറ്റി കപ്പലിൽ അറബിക്കടലിൽ സഞ്ചരിച്ചു. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെട്ട യാത്രയിൽ എൺപത് പേരാണ് പങ്കെടുത്തത്. ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ നിന്നും മൺറോതുരുത്ത്, ആലപ്പുഴ, പൊന്മുടി, വാഗമൺ , മൂന്നാർ എന്നിവിടങ്ങളിലേക്കും മധ്യവേനലവധി ദിനങ്ങളിൽ വിനോദ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിനും കൊച്ചിയിലേക്ക് നെയ്യാറ്റിൻകരയിൽ നിന്നും കെ.എസ്.ആർ.ടി.സി വിനോദയാത്ര ഉണ്ടായിരിക്കും.


Social share

Leave a Reply

Your email address will not be published.