ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെച്ച അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടു . മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിൽ നിന്നുതന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ എസ്എസ്ബി ഡിവൈഎസ്പി എന്നിവർ എലത്തൂർ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്.
പെട്രോൾ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, 2 മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്. ഈ സാധനങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് എലത്തൂരിൽ വച്ചു എക്സിക്യുട്ടിവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ചശേഷം അക്രമി തീയിട്ടത്
ഡി 1 കോച്ചിലായിരുന്നു അക്രമം. മട്ടന്നൂർ സ്വദേശി റഹ്മത്ത്, റഹ്മത്തിന്‍റെ സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ, നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ രാത്രി വൈകി ട്രാക്കിൽ നിന്നും കണ്ടെത്തി. അക്രമണമുണ്ടായപ്പോൾ പരിഭ്രാന്തരായി ഇവർ ചാടിയതാകാം എന്നാണു കരുതുന്നത്.