സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകയിൽ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ അക്രമിക്കണമെന്നാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.