സ്വിറ്റ്സര്‍ലാന്‍റിലെ ഒരു കര്‍ഷകന്‍ പതിവ് പോലെ തന്‍റെ ചെറിത്തോട്ടത്തില്‍ കുഴിയെടുത്തതായിരുന്നു, അദ്ദേഹത്തെ അതിശയിപ്പിച്ച് അത്രയും കാലം മറഞ്ഞിരുന്ന രാജ്യത്തെ ഏറ്റവും വലിയ നിധി പ്രത്യക്ഷപ്പെട്ടു. അതില്‍ 4,166 വെങ്കലത്തിലും വെള്ളിയിലും പണി തീര്‍ത്ത റോമൻ നാണയങ്ങളായിരുന്നു ഉണ്ടായിരുന്നത്. സ്വിറ്റ്‌സർലൻഡിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ നിധികളിലൊന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വിറ്റ്‌സർലൻഡിലെ വടക്കൻ കന്‍റോണായ ആർഗൗവിലെ യുകെനിന് സമീപത്തെ നഗരമായ ഫ്രിക്കിലെ ഒരു പുരാതന റോമൻ സെറ്റിൽമെന്‍റിൽ നിന്ന് അൽപ്പം അകലെയാണ് നാണയങ്ങള്‍ കണ്ടെത്തിയ കൃഷിയിടം. പുരാതന നാണയങ്ങള്‍ ലഭിച്ചതിന് പിന്നാലെ കര്‍ഷകന്‍ പ്രാദേശിക പുരാവസ്തു കേന്ദ്രവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നാണയങ്ങള്‍ മുഴുവനും കുഴിച്ചെടുക്കാന്‍ മാസങ്ങളെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില നാണയങ്ങള്‍ ചെറിയ തുകൽ സഞ്ചികളിലായിരുന്നു കുഴിച്ചിട്ടിരുന്നതെന്ന് ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ലഭിച്ച നാണയങ്ങള്‍ക്ക് 15 കിലോയില്‍ അധികം ഭാരമുണ്ടായിരുന്നു. എ.ഡി. 270 – 275 റോം ഭരിച്ച ഔറേലിയൻ ചക്രവർത്തിയുടെ ഭരണകാലം മുതൽ പാമറൈൻ സാമ്രാജ്യം കീഴടക്കിയതിന് ശേഷം സാമ്രാജ്യത്തിന്‍റെ കിഴക്കൻ പ്രവിശ്യകൾ പുനഃസ്ഥാപിക്കുന്നതിന് പേരുകേട്ട പുരാതന റോമൻ നാണയങ്ങളും ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ജർമ്മൻ അധിനിവേശ ഭീഷണിയിൽ നിന്ന് റൈൻ പ്രവിശ്യകളെ മോചിപ്പിക്കാൻ പ്രചാരണങ്ങൾ നടത്തിയ മാക്സിമിയൻ (എഡി 286 – 305) കാലത്തെ നാണയങ്ങളും അക്കൂട്ടത്തിലുണ്ട്. കണ്ടെത്തിയവയില്‍ ഏറ്റവും പഴക്കം കുറഞ്ഞ നാണയം 294 എ.ഡിയിലേതാണ്. ബാക്കിയുള്ളവയെല്ലാം തന്നെ അതിനെക്കാള്‍ പഴക്കമുള്ളവയാണെന്നും ദി ആര്‍ക്കിയോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഒരു പുരാവസ്തു ഗവേഷകൻ എന്ന നിലയിൽ നിങ്ങളുടെ കരിയറിൽ ഒന്നിലധികം തവണ ഇത്തരമൊരു അനുഭവം ഉണ്ടാകില്ല.” സ്വിസ് പുരാവസ്തു ഗവേഷകനായ ജോർജ്ജ് മാറ്റർ സ്പീഗൽ പറയുന്നു. അച്ചടിച്ച നാണയങ്ങൾ എല്ലാം മികച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നാണയങ്ങൾ കണ്ടെത്തിയ പ്രദേശത്തിന് നീണ്ട ചരിത്ര പ്രാധാന്യമുണ്ട്. പ്രദേശം എ.ഡി 1-ാം നൂറ്റാണ്ടിനും 4-ആം നൂറ്റാണ്ടിനും ഇടയിൽ ഒരു വലിയ റോമൻ വാസസ്ഥലമായിരുന്നുവെന്ന് കരുതുന്നു. ഫ്രിക് പട്ടണത്തിലെ പ്രധാന റോഡിൽ രണ്ടാം നൂറ്റാണ്ടിലെ റോമൻ എസ്റ്റേറ്റിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി, പള്ളി കുന്നിന് താഴെ നാലാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഫ്രിക്കിന്‍റെ റോമൻ കാലഘട്ടത്തിലെ ലാറ്റിന്‍ പേരായ ഫെരാരിസിയ, പ്രദേശത്തെ റോമൻ ഇരുമ്പയിര് ഖനിയെയാണ് സൂചിപ്പിക്കുന്നത്. പൊതു സ്വത്തായി മുതല്‍ കൂട്ടിയ നാണയങ്ങൾ ആർഗൗവിലെ വിന്ഡോനിസ ഡി ബ്രൂഗ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
ചെറിത്തോട്ടം കിളച്ച കര്‍ഷകന് ലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ നിധി !
