27 C
Trivandrum
Friday, June 9, 2023

വിവാദം കത്തുന്നു; ബംഗളൂരുവിൽ ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ട്

Must read




ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡ് നന്ദിനിയുടെ മാർക്കറ്റായ ബംഗളൂരുവിൽ ഓൺലൈനായി പാലും തൈരും വിൽക്കാനുള്ള തീരുമാനവുമായി ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അമുൽ മുന്നോട്ട്. ബംഗളൂരുവിലേക്കുള്ള രംഗപ്രവേശം പ്രഖ്യാപിച്ച അമുൽ അധികൃതർ കർണാടകയിൽ വിവാദം കത്തിപ്പടർന്നിട്ടും തീരുമാനം പിൻവലിച്ചിട്ടില്ല.

ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ടുപോകുമെന്നുതന്നെയാണ് കമ്പനി അധികൃതരും ബി.ജെ.പി നേതാക്കളും നൽകുന്ന സൂചന. അതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുമായി തിങ്കളാഴ്ച ബി.ജെ.പി ഐ.ടി സെൽ അധ്യക്ഷൻ അമിത് മാളവ്യ രംഗത്തുവന്നു. അമുൽ കർണാടകയിലേക്ക് വരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘നുണ പറയുന്നതുകൊണ്ടാണ് കോൺഗ്രസിനെ ഇന്ത്യ വിശ്വസിക്കാത്തത്. നന്ദിനിയും അമുലുമായി യോജിക്കാൻ പോകുന്നുവെന്നതാണ് പുതിയ പ്രചാരണം. കെ.എം.എഫിന്റെ ആകെ വിൽപനയുടെ 15 ശതമാനം കർണാടകക്ക് പുറത്താണ്. സിംഗപ്പൂർ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നന്ദിനിയുടെ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നു. അമുലും കെ.എം.എഫും ലയിക്കുന്നില്ല. ഗോവധത്തിനെതിരായ ബില്ലിനെ എതിർത്ത് നമ്മുടെ നന്ദിനികളെ കൊല്ലാൻ അനുമതി നൽകിയവരാണ് കോൺഗ്രസ്.

എന്നാൽ, ബി.ജെ.പി നന്ദിനിയെ വൻ ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമത്തിലാണ്-മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ, അമുലിന്റെ യഥാർഥ നീക്കത്തെ മറച്ചുവെക്കുന്നതാണ് അമിത് മാളവ്യയുടെ ട്വീറ്റ്. അമുലിന്റെ ഫ്രഷ് പാൽ ഒഴികെയുള്ള ഉൽപന്നങ്ങൾ നിലവിൽ ബംഗളൂരുവിൽ സ്റ്റോറുകൾ വഴി വിൽക്കുന്നുണ്ട്. ഇതുപോലെ നന്ദിനിയുടെയും ഉൽപന്നങ്ങൾ കർണാടകക്കുപുറത്തെ മാർക്കറ്റുകളിലും ലഭ്യമാണ്. എന്നാൽ, ഫ്രഷ് പാൽ വിൽക്കുന്നത് സംബന്ധിച്ചാണ് തർക്കവും വിവാദവുമുയർന്നത്. ബംഗളൂരുവിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഫ്രഷ് പാൽ, തൈര് വിൽപന ലക്ഷ്യമിടുന്ന അമുലിന്റെ നീക്കം നന്ദിനിയുടെ പാൽ വിപണിയിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യത്തിലേറെ പാൽ ഉൽപാദനം നടക്കുന്ന കർണാടകയിൽ ഫ്രഷ് പാൽ വിൽപനയിൽ സഹകരണ മേഖലയിലെ രണ്ടു സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആവശ്യമില്ല. ഒരേ ലക്ഷ്യത്തിൽ സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഫ്രഷ് പാൽ വിൽപനയിൽ മറ്റുള്ളവരുടെ വിപണിയിൽ ഇടപെടരുതെന്ന അലിഖിത നിയമവും പൊതുവേ പരിഗണിക്കപ്പെടാറുണ്ട്. ഇത് അമുൽ ലംഘിക്കുകയാണെന്നാണ് ആരോപണം. കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ബി.ജെ.പിക്ക് തിരിച്ചടിയാവും.

ഞായറാഴ്ച പ്രോജക്ട് ടൈഗർ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, വിമർശന ശരമെറിഞ്ഞിരുന്നു. കർണാടകയിൽ പടുത്തുയർത്തിയ ബാങ്കുകൾ കൊള്ളയടിച്ച ബി.ജെ.പി സർക്കാർ കന്നഡിഗരുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു വിമർശനം. അമുൽ വിരുദ്ധ കാമ്പയിന് പിന്തുണയുമായി ബംഗളൂരുവിലെ ഹോട്ടലുടമകളും രംഗത്തുവന്നിട്ടുണ്ട്. അമുൽ ഉൽപന്നങ്ങൾ പൂർണമായും ബഹിഷ്കരിക്കുമെന്നാണ് ഹോട്ടലുടമകളുടെ പ്രഖ്യാപനം. കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അമുൽവിരുദ്ധ കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ നന്ദിനി ഔട്ട്ലെറ്റ് സന്ദർശിച്ചു. അൽപസമയം ഔട്ട്ലെറ്റിൽ ചെലവിട്ട ശിവകുമാർ വിവിധ ഉൽപന്നങ്ങൾ വാങ്ങി.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article