ബെംഗളൂരു: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി ബിജെപിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസിൽ ചേരാനാണ് തീരുമാനം. ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവദി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവദി ചര്‍ച്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്ത അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവുമാണ് ബാവഡി. 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. ഷെട്ടാര്‍ ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്.