തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10 ന് തുടങ്ങി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. 5.10 ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ മാറും. 12.30-ന് കണ്ണൂരിലെത്തും. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്. ഏതാനും മിനിട്ടുകള്‍ക്കുശേഷം കൊല്ലത്തുനിന്ന് യാത്ര തിരിച്ചു. കോട്ടയം വഴിയാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍റണ്‍.