കുവൈത്ത് സിറ്റി: അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും റമദാൻ ദിനങ്ങൾ പിന്നിട്ട് വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷത്തിന് ഒരുങ്ങുന്നു. പ്രാർഥനകളും കാരുണ്യപ്രവർത്തനങ്ങളും വിവിധ കർമങ്ങളുംകൊണ്ട് ജീവിതത്തെ ശുദ്ധീകരിച്ചാണ് വിശ്വാസികൾ റമദാനെ പിന്നിടുന്നത്. രാജ്യത്തെ വിവിധ പള്ളികളിൽ കഴിഞ്ഞ ദിവസവും രാത്രിനമസ്കാരങ്ങൾക്ക് ആയിരങ്ങൾ ഒത്തുചേർന്നു.
വ്യാഴാഴ്ച മാസപ്പിറ കണ്ടാൽ വെള്ളിയാഴ്ചയും അല്ലെങ്കിൽ നോമ്പ് 30 പൂർത്തിയാക്കി ശനിയാഴ്ചയുമാകും പെരുന്നാൾ. മാസപ്പിറവി ദൃശ്യമാകൽ വിലയിരുത്താനും പെരുന്നാൾ ദിവസം തീരുമാനിക്കുന്നതിനുമായി വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നേതൃത്വത്തിൽ യോഗം ചേരും. രാജ്യത്ത് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് മാസപ്പിറവി നിര്‍ണയ സമിതി അഭ്യർഥിച്ചു. മാസപ്പിറ കണ്ടാല്‍ ഔഖാഫ് മന്ത്രാലയത്തില്‍ നേരിട്ടെത്തി അറിയിക്കണം.
നമസ്കാരം രാവിലെ 5.31ന്
കുവൈത്ത് സിറ്റി: രാജ്യത്ത് ഈദ്‌ഗാഹിലും പള്ളികളിലും പെരുന്നാള്‍ നമസ്കാരം ഉണ്ടായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. 49 കേന്ദ്രങ്ങളിലാണ് ഈദ്‌ഗാഹിനായി മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 5.31നാണ് പെരുന്നാള്‍ നമസ്കാരം. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്‌പോർട്‌സ് ഗ്രൗണ്ടുകള്‍ എന്നിവയാണ് ഈദ്‌ഗാഹിനായി നിശ്ചയിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളിൽ നമസ്കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യം പെരുന്നാൾ അവധിയിലേക്കു പ്രവേശിക്കും. വാരാന്ത്യ അവധികള്‍ അടക്കം അഞ്ചു ദിവസമാണ് കുവൈത്തില്‍ പെരുന്നാള്‍ അവധി. ഏപ്രില്‍ 26 ബുധനാഴ്ച അവധി കഴിഞ്ഞ് സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തനമാരംഭിക്കും.
പെരുന്നാളിന് ഒരുങ്ങി…
