27 C
Trivandrum
Friday, June 9, 2023

എൻ.സി.ഇ.ആർ.ടിസ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനസ്ഥാപിക്കണമെന്ന് പരിഷത്ത്

Must read

തിരുവനന്തപുരം :എൻ.സി.ഇ.ആർ.ടിസ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം ഓഫ്‌ലൈൻ മോഡിലേക്ക് തിരിച്ചെത്തിയപ്പോഴും അതേപടി തുടരുകയാണ്.

ഇതുവഴി പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണ്. നിലവിൽ ചെറിയൊരു ശതമാനം വിദ്യാർഥികൾ മാത്രമാണ് ഹയർ സെക്കണ്ടറിയിൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിൽ തന്നെ ജീവശാസ്ത്രം പഠനവിഷയം ആയി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ പത്താം തരം വരെയുള്ള പാഠ്യപദ്ധതിയിൽ നിന്ന് ഇത്തരം വിഷയങ്ങൾ ഒഴിവാക്കുന്നതിലൂടെ അവശ്യപഠനവിഷയങ്ങളുടെ നിർണായകഭാഗങ്ങൾ ഭൂരിപക്ഷം വിദ്യാർഥികൾക്കും നഷ്ടപ്പെടുന്നു.

ശാസ്ത്രാവബോധംവും അന്വേഷണാത്മകതയും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന കടമയാണെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51എ (എച്ച്) നിഷ്കർഷിക്കുന്നുണ്ട്. ശാസ്ത്രബോധത്തിന്റെ വികാസം സമചിത്തത ഉൾപ്പെടെയുള്ള മാനവികമൂല്യങ്ങളായാണ് പ്രതിഫലിക്കുക. തലമുറകളിലേക്ക് അത് വ്യാപിക്കണമെങ്കിൽ സ്‌കൂളുകളിൽ നടക്കുന്ന അടിസ്ഥാനപഠനത്തിൽ തന്നെ അതിന്റെ വിത്തുകൾ പാകേണ്ടതുണ്ട്.

‘വംശപാരമ്പര്യവും പരിണാമവും എന്ന പാഠഭാഗം ‘വംശപാരമ്പര്യം’ എന്നതിലേക്ക് ചുരുങ്ങുന്നത് ആശങ്കാവഹമാണ്. ശാസ്ത്രീയാന്വേഷണത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള പാരമ്പര്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സമൂഹത്ത നൂറ്റാണ്ടുകൾ പുറകോട്ട് തള്ളാൻ കാരണമാകും. ഈ സാഹചര്യത്തിൽ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഡാർവിനിയൻ പരിണാമ സിദ്ധാന്തം പുനസ്ഥാപിക്കണമെന്ന് പരിഷത്ത്
പ്രസിഡണ്ട് ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article