ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ന് അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. 1973 ഏപ്രിൽ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായ സച്ചിൻ. രാജ്യാന്തര ക്രിക്കറ്റിൽ നൂറു സെഞ്ചുറികൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16 ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്.
2012 ഡിസംബർ 23-ന് സച്ചിൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാജ്യം ഭാരത രത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചിട്ടുണ്ട്. ഭാരത രത്നം ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.