കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തി നിലച്ചു. വേഗത്തിൽ മുന്നേറിയിരുന്ന പ്രവൃത്തി ആവശ്യമായ മണ്ണും മെറ്റലും ലഭിക്കാതെ വന്നതോടെയാണ് നിലച്ചത്. നാല് ദിവസമായി പ്രവൃത്തി പൂർണമായി നിലച്ചിരിക്കുകയാണ്.
ക്വാറി സമരത്തെ തുടർന്ന് മെറ്റൽ ലഭിക്കാത്തതിനാലാണ് ടാറിങ് പ്രവൃത്തി നിർത്തിയത്. അതേസമയം, റൺവേയുടെ ഇരുവശത്തും ഗ്രേഡിങ് പ്രവൃത്തിക്കാവശ്യമായ മണ്ണും ലഭിക്കുന്നില്ല. ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ആവശ്യമുള്ളത്. മണ്ണെടുക്കുന്നതിനുള്ള സ്ഥലം ഉൾപ്പെടെ എല്ലാം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മണ്ണെടുക്കാൻ ജിയോളജി വിഭാഗത്തിന് നേരേത്ത അപേക്ഷ നൽകിയിട്ടുണ്ട്. കലക്ടർക്ക് നൽകിയിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പാരിസ്ഥിതികാനുമതി ഉൾപ്പെടെ ലഭ്യമാക്കണമെന്നാണ് നിർദേശം.
പാരിസ്ഥിതികാനുമതിയുടെ നടപടി പൂർത്തിയാക്കണമെങ്കിൽ മാസങ്ങളെടുക്കും. എന്നാൽ, ദേശീയപാത വികസനത്തിന് മണ്ണെടുക്കുന്നതിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. സമാനമായി കരിപ്പൂരിനും നൽകണമെന്നാണ് ആവശ്യം. അനുമതി വൈകിയാൽ ഈ വർഷം കരിപ്പൂരിൽനിന്ന് നിശ്ചയിച്ച ഹജ്ജ് സർവിസിനെ ഉൾപ്പെടെ ബാധിക്കും. ജിയോളജി വകുപ്പുമായി വിഷയം സംസാരിക്കുമെന്ന് കലക്ടർ വി.ആർ. പ്രേംകുമാർ പ്രതികരിച്ചു.
ജില്ല ഭരണകൂടം പ്രത്യേകാനുമതി നൽകിയാൽ തടസ്സങ്ങൾ നീങ്ങും. ഈ മാസം 17 മുതലാണ് ക്വാറി സമരം ആരംഭിച്ചത്. സമരമുള്ളതിനാൽ മുൻകൂട്ടി സംഭരിച്ചിരുെന്നങ്കിലും ഇവയും തീർന്നതോടെ പ്രവൃത്തി നിലച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സംസ്ഥാന സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ നിശ്ചിത സമയത്തിനകം പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കില്ല.പ്രവൃത്തി നടത്താൻ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ വിമാനസർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
മണ്ണുമില്ല കല്ലുമില്ല; കരിപ്പൂരിൽ റൺവേ റീകാർപറ്റിങ് നിലച്ചു
