കൊച്ചി: യാത്രക്കാർ വർധിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി ജല മെട്രോ സർവീസുകൾ കൂട്ടുമെന്ന് എം.ഡി ലോക്നാഥ് ബെഹ്റ. ഇൻഫോ പാർക്കിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് പാതയിൽ കൂടുതൽ സർവീസുകൾ നടത്തും. ഫോർട്ട് കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം.ഡി മാധ്യമങ്ങളെ അറിയിച്ചു.
കൊച്ചി ജല മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ 10,000 പിന്നിട്ടിരിക്കുകയാണ്. ഞായറാഴ്ച ജല മെട്രോയിൽ 11556 പേർ യാത്ര ചെയ്തു. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ നിരക്ക്. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്. രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട് വൻതിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ എട്ടിനു ശേഷം ഒന്നര മണിക്കൂർ ഇടവേളയിലാണ് വൈറ്റിലയിൽ നിന്നുള്ള സർവീസ്. കാക്കനാട്ടു നിന്ന് രാവിലെ 8.40നാണ് ആദ്യ സർവീസ്. വൈകിട്ട് 3.30ന് വൈറ്റിലയിൽ നിന്നും 4.10ന് കാക്കനാട്ടു നിന്നും സർവീസ് തുടങ്ങും. തുടർന്ന് ഒന്നര മണിക്കൂർ ഇടവേളയുണ്ടാകും. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ 15 മിനിറ്റ് ഇടവേളയിലാണ് സർവീസ്.
കൊച്ചി ജല മെട്രോയിൽ യാത്രക്കാർ വർധിക്കുന്നു; വൈറ്റില-കാക്കനാട് അടക്കം റൂട്ടുകളിൽ സർവീസ് കൂട്ടുമെന്ന് എം.ഡി
