32 C
Trivandrum
Tuesday, May 30, 2023

ഗുസ്തി താരങ്ങളും പൊലീസുമായി ഉരസൽ; ജന്തർ മന്തറിൽ കനത്ത സുരക്ഷ

Must read

ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരവേദിയിൽ ഗുസ്തി താരങ്ങളും പൊലീസും തമ്മിൽ സംഘർഷം.

മഴ പെഴ്തതോടെ വനിതകളടക്കമുള്ള കായിക താരങ്ങളുടെ കിടക്കകൾ നനഞ്ഞതിനെ തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ കട്ടിലുകൾ എത്തിച്ചിരുന്നു. കിടക്കകൾ സമരപ്പന്തലിലേക്ക് കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
വനിത താരങ്ങളോട് അടക്കം പൊലീസ് മോശമായി പെരുമാറിയെന്നും നനഞ്ഞ കിടക്ക മാറ്റുന്നതിന് എതിരെയാണ് പൊലീസ് നടപടിയുണ്ടായതെന്നും സമരക്കാർ ആരോപിച്ചു. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. സമരം ശക്തമായി തുടരുമെന്നും അറിയിച്ചു.

പൊലീസുകാർ മദ്യപിച്ചിരുന്നതായും ഗുസ്തി താരങ്ങൾ ആരോപിച്ചു. ബ്രിജ് ഭൂഷണെതിരെ നടപടി നീളുകയാണെങ്കിൽ രാജ്യത്തിന് വേണ്ടി തങ്ങൾ നേടിയ മെഡലുകൾ രാഷ്ട്രപതിക്ക് തിരിച്ചു നൽകി കളി നിർത്തുമെന്നും സമരക്കാർ കണ്ണീരോടെ മുന്നറിയിപ്പ് നൽകി.

ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടി ലജ്ജാകരമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ‘ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യം കാപട്യമാണെന്നും രാജ്യത്തെ പെണ്‍മക്കളെ ഉപദ്രവിക്കുന്നതില്‍ നിന്ന് ബി.ജെ.പി ഒരുകാലത്തും മാറിനിന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു.


രാജ്യത്തിനായി മെഡല്‍ നേടിയവരുടെ കണ്ണീര്‍ കാണുന്നത് ദുഃഖകരമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ വിന്യാസം ശക്തമാക്കി. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

സമരം ചെയ്യുന്ന വേദിയിലേക്ക് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. 12 ദിവസം പിന്നിട്ട സമരത്തിന് കൂടുതൽ സംഘടനകൾ പിന്തുണ അറിയിച്ച് ജന്തർ മന്തറിൽ എത്തുന്നുണ്ട്. അതിനിടെ, ബ്രിജ്ഭൂഷണെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കില്ലെന്ന സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് താരങ്ങൾ പറഞ്ഞു. എന്തുപറഞ്ഞാലും കോടതിയോട് ഏറെ കടപ്പെട്ടിരിക്കുന്നെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.


പൊലീസ് കേസെടുത്തത് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടപെട്ടശേഷമാണ്. കീഴ് കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞത് വിനേഷ്ഫോഗട്ട് ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യണമെന്ന് കോടതി ആവശ്യപ്പെടാറില്ല. പൊലീസ് ഇനിയും ഉഴപ്പുകയാണെങ്കിൽ ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്നും സമരം നിർത്തില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article