ഇംഫാൽ: മണിപ്പൂരിലെ അക്രമത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വിവരം. ഇതുവരെ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ച 54 പേരിൽ 16 മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്.
ഇംഫാൽ വെസ്റ്റിലെ ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും പതിനായിരത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.