മലപ്പുറം: താനൂർ ഓട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. നാസറിന്റെ സഹോദരൻ സലാമിനേയും അയൽവാസി മുഹമ്മദ് ഷാഫിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇരുവരേയും പോലീസ് ചോദ്യം ചെയ്യുകയാണ്.
കൊച്ചിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്. നാസറിനെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നാസർ വീട്ടിൽ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിദേശത്തായിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷം ബോട്ട് സർവ്വീസ് തുടങ്ങുകയായിരുന്നു. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്.