തിരുവനന്തപുരം: പാറശ്ശാല ഇഞ്ചിവിളയില്‍ പികപ് വാനും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. പരുക്കേറ്റ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്.
പുലര്‍ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് മീന്‍ കയറ്റി വന്ന പികപ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
മീന്‍ കയറ്റിവന്ന വാഹനം അമിതവേഗതയില്‍ ട്രാവലറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പികപ് വാന്‍ ഡ്രൈവറായ രാഹുലിനെയും ഇയാളുടെ സഹായി കിങ്‌സണിനെയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.