തിരുവനന്തപുരം: എ.ഐ കാമറകൾ വഴിയുള്ള പിഴയീടാക്കൽ ജൂൺ ആറിലേക്ക് നീട്ടിയേക്കും. മേയ് 19 മുതൽ പിഴയീടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുവേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നു. മേയ് അഞ്ചു മുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയത്. ഇത് ഒരു മാസം തുടർന്ന ശേഷം പിഴയീടാക്കാനാണ് തീരുമാനം.
എ.ഐ കാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയാറാക്കുന്നത് മൂന്നുമാസത്തിനുള്ളിൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. പിഴ ഈടാക്കൽ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്രകരാർ നടപടികളിലേക്ക് കടക്കും. കെൽട്രോൺ നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളിൽ പുനഃപരിശോധിക്കും. അതിനു ശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയാറാക്കുക. ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമേ നടപ്പാക്കൂ.
ഇതിനിടെ ഇടപാടില്‍ ഗതാഗത വകുപ്പിനോ ഗതാഗത കമീഷണറേറ്റിനോ വീഴ്ചസംഭവിച്ചിട്ടില്ലെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ധനവകുപ്പിന്റെ അനുമതിയോടെയാണ് ഫയല്‍ നീങ്ങിയതെന്നാണ് റിപ്പോർട്ട് പറയുന്നത്. ധനവകുപ്പിന്റെ സാങ്കേതിക സമിതിയും ഫയല്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
എ.ഐ കാമറ: പിഴ ജൂണിലേക്ക് നീളും
