ഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സോണിയ ഗാന്ധിയുമായി മുതിർന്ന പാർട്ടി നേതാക്കൾ നടത്തിയ യോഗത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ മത്സരം സംബന്ധിച്ച തീരുമാനമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പാർട്ടിക്കും സഖ്യകക്ഷികൾക്കും വേണ്ടി പ്രിയങ്ക ഗാന്ധി രാജ്യത്തുടനീളം പ്രചാരണം നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.നിലവില്‍ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ ഉടന്‍ തന്നെ അവർ ഈ പദവി ഒഴിയുകയും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രചരണം നടത്തുകയും ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ കർണാടക വഴി ഈ വർഷം തന്നെ രാജ്യസഭയിലെത്തിക്കാനും നീക്കമുണ്ട്.കർണാടകയ്ക്ക് പകരം ഹിമാചൽ പ്രദേശിൽ നിന്നും പാർട്ടി ജനറൽ സെക്രട്ടറിയെ രാജ്യസഭയിലേക്ക് അയക്കണമെന്ന നിർദേശവും കോണ്‍ഗ്രസില്‍ ഉയർന്ന് വരുന്നുണ്ട്. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു രാജ്യസഭാ എംപി പ്രിയങ്കയ്ക്ക് ഉപരിസഭയിൽ അംഗമാകാൻ വഴിയൊരുക്കുന്നതിന് താന്‍ രാജിവെച്ച് ഒഴിയാമെന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ മറ്റ് രണ്ട് രാജ്യസഭാ എംപിമാരും സമാനമായ വാഗ്ദാനങ്ങള്‍ നൽകിയിട്ടുണ്ട്.