പൃഥ്വിരാജ് കജോളിന്റെ നായകനായി എത്തുന്നു. കരൺ ജോഹറിന്റെ പുതിയ ഹിന്ദിചിത്രത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കജോൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്. കശ്മീർ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ചിത്രീകരണം അടുത്തവർഷം നടക്കും.
അയ്യ, ഔറംഗസേബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെൽഫിയുടെ സഹനിർമാതാവായിരുന്നു പൃഥ്വിരാജ്. കരൺ ജോഹറായിരുന്നു മറ്റൊരു നിർമാതാവ്. അക്ഷയ് കുമാറും ജാക്കി ഷ്റോഫും അഭിനയിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന സിനിമയിൽ അഭിനയിച്ചുവരുകയാണ് ഇപ്പോൾ പൃഥ്വിരാജ്.
കരൺ ജോഹർ ചിത്രത്തിൽ മലയാള യുവ നടൻ പൃഥ്വിരാജും
