ബെയ്ജിങ്: സൂപ്പർതാരം ലയണൽ മെസ്സി കരിയറിലെ ഏറ്റവും വേഗതയേറിയ ഗോൾ കണ്ടെത്തിയ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. സൗഹൃദമത്സരത്തിൽ ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ലോകചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമേ ഡിഫൻഡർ ജെർമൻ പെസല്ലയും അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു.ഓസ്ട്രേലിയയ്ക്കെതിരേ രണ്ടാം മിനിറ്റിൽ തന്നെ അർജന്റീന വലകുലുക്കി. മത്സരം ആരംഭിച്ച് 80-ാം സെക്കൻഡിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ നായകൻ ലയണൽ മെസ്സിയാണ് ഗോൾ നേടിയത്. മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയാണിത്. പിന്നീട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ മെസ്സിപ്പടയ്ക്ക് വലകുലുക്കാനായില്ല. കിട്ടിയ അവസരങ്ങളിൽ ഓസ്ട്രേലിയയും അർജന്റൈൻ പോസ്റ്റിലേക്ക് ആക്രമണങ്ങളഴിച്ചുവിട്ടു.
രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ലോകചാമ്പ്യന്മാർ പകരക്കാരനായി കളത്തിലിറങ്ങിയ ജെർമൻ പെസല്ലയിലൂടെ 68-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ഇടതുവിങ്ങിൽ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്റെ ക്രോസിൽ മികച്ച ഹെഡറിലൂടെയാണ് പെസല്ല വലകുലുക്കിയത്. മുന്നേറ്റം തുടർന്നെങ്കിലും ഓസീസ് പ്രതിരോധം ഉറച്ചുനിന്നതോടെ അർജന്റീനയ്ക്ക് മൂന്നാം ഗോൾ കണ്ടെത്താനായില്ല. ജൂൺ 19-ന് ഇന്തോനേഷ്യയ്ക്കെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.
ഓസ്ട്രേലിയയെ കീഴടക്കി ലോകചാമ്പ്യന്മാര്‍
