ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ എഡിഷനില്‍ ഇന്ത്യ ആദ്യ പരമ്പരയ്‌ക്കൊരുങ്ങവെ സര്‍പ്രൈസ് നീക്കത്തിന് ബിസിസിഐ തയ്യാറെടുക്കുന്നു. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. താരം ഇതിനു തയ്യാറായാല്‍ അതു ടീമിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കാനിറങ്ങുകയാണ്. സമാപിച്ച ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ വന്‍ പരാജയത്തിന്റെ ക്ഷീണം വിന്‍ഡീസിനെതിരേ തീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമടങ്ങുന്ന സീനിയര്‍ കളിക്കാര്‍ ഈ പരമ്പരയിലുണ്ടാവും. എന്നാല്‍ ഇവര്‍ക്കൊപ്പം ചില യുവ താരങ്ങളെയും ഇന്ത്യ പരീക്ഷിച്ചേക്കും.അടുത്തയാഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനു മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്. പുറംഭാഗത്തിനേറ്റ പരിക്കുകള്‍ കാരണമാണ് ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു അനിശ്ചിതമായി വിട്ടുനില്‍ക്കുന്നത്.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുശേഷം താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ദീര്‍ഘകാലം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നു. തുടര്‍ന്നു ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022ലെ ഐപിഎല്ലിനു മുമ്പ് പഴയ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയ ഹാര്‍ദിക് ബൗളിങ് പുനരാരംഭിക്കുകയായിരുന്നു. അതിനാല്‍ തന്നെയാണ് ടെസ്റ്റ് ഭാവിയെക്കുറിച്ച് അദ്ദേഹവുമായി ബിസിസിഐ കൂടിയാലോചിക്കുന്നത്.
ടെസ്റ്റിലേക്കു മാസ് തിരിച്ചുവരവിന് ഹാര്‍ദിക്
