ടൊറന്റോ: ടൈറ്റനില്‍ ഇന്ന് ഉച്ചയോടെ ഓക്‌സിജൻ തീരും. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ കുടുങ്ങി കിടക്കുന്ന അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനാകുമോ എന്ന കാര്യത്തില്‍ ഇനിയും തീര്‍ച്ചയായിട്ടില്ല. പരിശ്രമങ്ങള്‍ക്ക് വിപരീതമായി രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ മങ്ങുകയാണ്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള സമുദ്രയാത്രക്കിടെ അഞ്ച് കോടീശ്വരന്മാരുമായി കാണാതായ ടൈറ്റൻ സമുദ്ര പേടകം കണ്ടെത്തിയാലും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്നും ഇത്തരത്തില്‍ ഉയര്‍ന്നു വരികയാണെങ്കില്‍ തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക വളരെയധികം ശ്രമകരമാണെന്നും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ മറൈൻ എൻജീനിയറിംഗ് പ്രഫസര്‍ അലിസ്റ്റെയര്‍ ഗ്രേഡ് വ്യക്തമാക്കി.
അതിനിടെ കടലില്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ശബ്ദം പിടിച്ചെടുത്തുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ടൈറ്റനില്‍ നിന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.നിലവില്‍ ശബ്ദത്തിന്റെ ഉറവിടം ലക്ഷ്യമാക്കിയാണ് തിരച്ചില്‍ തുടരുന്നത്. കാനഡയുടെ പി-3 വിമാനമാണ് സോണാര്‍ ബോയകളുടെ സഹായത്തോടെ ശബ്ദം പിടിച്ചെടുത്തത്. എന്തിലോ അടിക്കുന്നത് പോലുള്ള ശബ്ദം 30 മിനിറ്റ് ഇടവിട്ട് രണ്ട് മൂന്ന് തവണ കേട്ടു. ഉപരിതലത്തില്‍ നിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന ആളില്ലാ ചെറു സമുദ്രവാഹനങ്ങളാണ് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. ഫ്രഞ്ച് കപ്പലായ അറ്റ്‌ലാൻഡെയിലെ ഇത്തരം വാഹനത്തിന് അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ട് വരെ എത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ ടൈറ്റൻ ഗതി മാറിപ്പോയിട്ടുണ്ട് എങ്കില്‍ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. പേടകം പുറത്ത് നിന്ന് ബോള്‍ട്ടുപയോഗിച്ച് അടച്ച നിലയിലാണ് ഉള്ളത്. ഇതിനാല്‍ തന്നെ പുറത്ത് നിന്ന് തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാൻ കഴിയില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണ് ടൈറ്റൻ ഉള്ളതെങ്കില്‍ രക്ഷാപ്രവര്‍ത്തനവും കൂടുതല്‍ ദുഷ്‌കരമായിരിക്കും. അടിത്തട്ടിലെ കൂടിയ മര്‍ദ്ദവും തണുപ്പും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. 2 മൈലോളം ആഴത്തിലായതിനാല്‍ തന്നെ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും. ഇതുവരെ 20,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞു. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ദൗത്യത്തില്‍ ചേര്‍ന്നിട്ടുണ്ട്. 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. ഇവിടെ അതിമര്‍ദ്ദം ഉള്ളതിനാല്‍ തന്നെ ടൈറ്റന് വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ ശക്തമായ മര്‍ദ്ദത്തെ അതിജീവിക്കാൻ സാധിക്കില്ലെന്നും വിദഗ്ധര്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓഷൻ ഗേറ്റ് ടൈറ്റൻ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 3.30-നാണ് മാതൃപേടകമായ പോളാര്‍ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. കടലില്‍ ഇറക്കി ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളിലാണ് ആശയ വിനിമയം നഷ്ടമാകുന്നത്. അന്ന് നാല് ദിവസത്തേക്കുള്ള ഓക്‌സിജനായിരുന്നു പേടകത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയോടെ പോടകത്തിലെ ഓക്‌സിജൻ തീരും. ഇതിന് മുൻപ് പേടകം കണ്ടെത്തിയാല്‍ മാത്രം പോരാ അഞ്ച് ജീവനുകള്‍ കൂടി രക്ഷിക്കണം.
ദുബായിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്ബനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്‌ട്രാ കമ്ബനി എൻഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോള്‍ ഹെന്റി നാര്‍സലേ, ഓഷൻ ഗേറ്റ് കമ്ബനി സ്ഥാപകനും സിഇഒയുമായ സ്‌റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുള്ളത്. കനേഡിയൻ നാവികസേനയ്‌ക്കൊപ്പം യുഎസ് കോസ്റ്റ് ഗാര്‍ഡും ഫ്രാൻസും പങ്കെടുക്കുന്ന തീവ്രമായ തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ടൈറ്റന് രണ്ട് മൈല്‍ ആഴത്തില്‍; പ്രതീക്ഷ മങ്ങി ടൈറ്റന്‍ രക്ഷാപ്രവര്‍ത്തന ദൗത്യം
