26 C
Trivandrum
Tuesday, October 3, 2023

സ്വര്‍ണക്കടത്ത് വ്യാപകം; ആറ് മാസത്തിനിടെ കരിപ്പൂരില്‍ പിടിച്ചത് 160 കിലോ സ്വര്‍ണം

Must read

കൊഴിക്കോട്: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തില്‍‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പ്രകാരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത് 160 കിലോ സ്വര്‍ണം. ഏകദേശം 90.50 കോടി രൂപ വിലമതിക്കുന്നതാണിവ. ഇതുമായി ബന്ധപ്പെട്ട് 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 172 പേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ആറുമാസത്തിനിടയില്‍ പിടികൂടുന്ന ഏറ്റവും വലിയ വേട്ടയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്.

ചില വിമാന ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തിനു ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ പിടിയിലാവുകയും ചെയ്തു. വിമാനത്താവളത്തിനകത്തുനിന്നാണ് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടികൂടിയതെന്നതാണ് പ്രത്യേകത.120 കിലോ സ്വര്‍ണമാണ് ആറുമാസത്തിനിടയില്‍ വിമാനത്താവളത്തിനകത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് 67 കോടി രൂപ വിലവരും. ആറ് സ്ത്രീകള്‍ അടക്കം 147 പേര്‍ അറസ്റ്റിലായി. 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ആറുമാസത്തിനിടയില്‍ വിമാനത്താവളത്തിനു പുറത്തുനിന്ന് 40.39 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതില്‍ 31 അറസ്റ്റാണ് നടന്നത്. 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23.50 കോടി രൂപ വിലവരും ഇതിന്.

വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരെ രഹസ്യവിവര പ്രകാരം പിടികൂടിയ സംഭവങ്ങളും ഇതില്‍പെടും. അകത്തെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരെ കരിപ്പൂരിലെ പോലീസ് പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കരിപ്പുരില്‍ ആറുമാസത്തിനിടയില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ അളവ് കഴിഞ്ഞ നാലുവര്‍ഷത്തെ ശരാശരിയോളം വരും. 2019-ല്‍ 212 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്.2020-ല്‍ ഇത് അല്‍പം കുറഞ്ഞ് 137 കിലോ ആയി. 2021-ല്‍ 211 കിലോ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 236 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും വലിയ പിടിത്തമാണ് ഇത്തവണത്തേത്. കസ്റ്റംസിന്‍റെ കാമറകണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ പുത്തന്‍ രീതികളാണ് കള്ളക്കടത്തുകാര്‍ അവലംബിക്കുന്നത്. 250 ഗ്രം തൂക്കമുള്ള കാപ്‌സ്യൂളുകളുമയാണ് മിക്കവരും എത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വീട്ടുപകരണങ്ങളില്‍ ഒളിപ്പിച്ചും ജ്വല്ലറി ആഭരണങ്ങളായും കൊണ്ടുവരുന്നുണ്ട്. മലദ്വാരത്തില്‍ ഒളിപ്പിപ്പിച്ചും അടിവസ്ത്രങ്ങളില്‍ പേസ്റ്റ് ചെയ്തും കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ പെയിന്‍റടിച്ചുമെല്ലാം ഇവിടെ സ്വര്‍ണം എത്തിയിട്ടുണ്ട്.മെറ്റല്‍ ഡിറ്റക്ടറിനു പിടിക്കാന്‍ കഴിയാത്ത വിധത്തിലാണ് മിക്കവരും സ്വര്‍ണവുമായി എത്തുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള മിക്ക കേസുകളും പിടിക്കപ്പെടുന്നത്. കള്ളക്കടത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് റിവര്‍ഡ് നല്‍കുന്നുണ്ട്.

അതിനാല്‍ കള്ളക്കടത്തുസംഘത്തിലെ ചിലര്‍ കസ്റ്റംസിനെ വിവരം അറിയിക്കുന്നു. രഹസ്യവിവര പ്രകാരം ഒരു കിലോ സ്വര്‍ണം പിടികൂടിയാല്‍ ഒന്നരലക്ഷം രൂപയാണ് ഇന്‍ഫോര്‍മര്‍ക്ക് റിവാര്‍ഡായി കിട്ടുക.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article