മഴകനത്തതോടെ പച്ചക്കറിക്ക് പൊള്ളുന്ന വില. ഇഞ്ചിവില 200 കടന്നപ്പോള്‍ തക്കാളി, ബീന്‍സ്, പച്ചമുളക്, ഉള്ളി എന്നിവയ്ക്ക് വില 100 കടന്നു.കാലവര്‍ഷം ശക്തി പ്രാപിച്ചതും ഉത്പാദനത്തിലെ കുറവുമാണ് നിലവിലെ വിലവര്‍ധനവിന് കാരണമായിട്ടുള്ളത്. മഴ ശക്തിയായി തുടര്‍ന്നാല്‍ പച്ചക്കറി വില സമീപകാലത്തെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്കു പോകുമെന്ന് കച്ചവടക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തമിഴ്‌നാടിന് പുറമേ മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്കു കൂടുതലായും പച്ചക്കറികള്‍ എത്തുന്നത്. ഓണം വരെ പച്ചക്കറി വില ഏറിയും കുറഞ്ഞുമിരിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ പച്ചക്കറിയുടെ ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളി വിലയിലടക്കം വര്‍ധനവുണ്ടായത്. രണ്ടുദിവസം മുമ്ബ് ചില്ലറ വിപണിയില്‍ 60 രൂപയായിരുന്ന തക്കാളിക്ക് ഇന്നലെ വില 140 ആയി. ഉള്ളി-110, ബീന്‍സ്-100, ഉണ്ടമുളക്-120 എന്നിങ്ങനെയാണ് 100 കടന്ന മറ്റിനങ്ങളുടെ വില നിലവാരം. ഈ മാസം ആദ്യം 60 രൂപയായിരുന്ന ഇഞ്ചിക്ക് കഴിഞ്ഞ മൂന്നുദിവസത്തിനിടെയാണ് വില വര്‍ധിച്ചത്. നാലിരട്ടിയിലധികമാണ് വിലകൂടിയത്. മൊത്ത വിപണിയില്‍ 210 രൂപയും ചില്ലറ വിപണിയില്‍ 240 രൂപയുമാണ് ഇഞ്ചിവില. സവാള, കാബേജ്, ബിറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ കാര്യമായ മാറ്റമില്ല.അച്ചിങ്ങ-50, വെണ്ടയ്ക്ക-50, പാവയ്ക്ക-65, കോളിഫ്ലവര്‍-65, ക്യാരറ്റ്-70, മത്തങ്ങ-50, പടവലങ്ങ-50, മുരിങ്ങയ്ക്ക-60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
മഴയെത്തുടര്‍ന്ന് ജില്ലയിലേക്കെത്തുന്ന പച്ചക്കറി ലോഡുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. നേരത്തെ ദിവസേന പത്തു ലോഡ് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പരാമാവധി ആറുലോഡ് പച്ചക്കറി മാത്രമാണ് എത്തുന്നത്.
ഇരുന്നൂറ് കടന്ന് ഇഞ്ചി; സെഞ്ച്വറി പിന്നിട്ട് തക്കാളിയും ബീന്‍സും
