2023 സാഫ് കപ്പ് ഫുട്ബോളില്‍ കുവൈത്തിനെതിരായ മത്സരത്തില്‍ ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.തകര്‍പ്പൻ ഗോളടിക്കുന്ന ഛേത്രിയുടെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. ഒപ്പം വലിയൊരു റെക്കോഡും താരം സ്വന്തമാക്കി.
കുവൈത്തിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയിലെ ഇൻജുറി ടൈമിലാണ് ഗോള്‍ പിറന്നത്. അനിരുദ്ധ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായി ഛേത്രിയുടെ കാലിലേക്കാണ് വന്നത്. പ്രതിരോധതാരങ്ങളും ഇന്ത്യൻ താരങ്ങളും അണിനിരന്ന ബോക്സിനുള്ളില്‍ വെച്ച് പന്ത് കൃത്യമായി കാലിലൊതുക്കിയ ഛേത്രി വന്ന പാസ് അതുപോലെ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഇത് കണ്ട് നില്‍ക്കാനേ കുവൈത്ത് പ്രതിരോധ താരങ്ങള്‍ക്ക് സാധിച്ചുള്ളൂ. ലോകോത്തര നിലവാരമുള്ള ഛേത്രിയുടെ ഗോള്‍ ആരാധകര്‍ ആഘോഷമാക്കി. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയെ കുവൈത്ത് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.
2023 സാഫ് കപ്പില്‍ ഛേത്രിയുടെ അഞ്ചാം ഗോളാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. ഗോള്‍വേട്ടക്കാരുടെ പട്ടികയിലും ഛേത്രിയാണ് ഒന്നാമത്. ഈ ഗോളിന്റെ ബലത്തില്‍ അപൂര്‍വമായൊരു റെക്കോഡ് ഛേത്രി സ്വന്തമാക്കി.
സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സര്‍വകാല റെക്കോഡ് തകര്‍ക്കാൻ ഛേത്രിയ്ക്ക് സാധിച്ചു. സാഫ് കപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഛേത്രി സ്വന്തമാക്കിയത്. കുവൈത്തിനെതിരായ ഗോളിന്റെ ബലത്തില്‍ ഛേത്രിയുടെ ഗോളുകളുടെ എണ്ണം 24 ആയി ഉയര്‍ന്നു. ഇതോടെ മാലിദ്വീപിന്റെ അലി അഷ്ഫാഖ് സ്ഥാപിച്ച റെക്കോഡ് പഴങ്കഥയായി. അലിയുടെ അക്കൗണ്ടില്‍ 23 ഗോളുകളാണുള്ളത്. ഇന്ത്യയുടെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയാണ് മൂന്നാം സ്ഥാനത്ത്. താരം 12 ഗോളുകള്‍ നേടിയിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി നാലാമതാണ്. 92 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (123), അലി ദേയ് (109), ലയണല്‍ മെസ്സി (103) എന്നിവരാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടിട്ടുണ്ട്. സാഫ് കപ്പ് ഫുട്ബോളില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടാനും താരത്തിന് സാധിച്ചു.
കുവൈത്തിനെതിരേ ഛേത്രിയുടെ ലോകോത്തര ഗോള്‍, പിന്നാലെ റെക്കോഡും
