തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെല്‍മെറ്റ് തലയില്‍ തന്നെ വെക്കണ”മെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബില്‍ വിവാദമായതിന് പിന്നാലെയാണ് ഈ പ്രാസം ഒപ്പിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “തല മുഖ്യം ബിഗിലെ.. ഹെല്‍മെറ്റും” എന്ന് കുറിച്ചാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് തലയില്‍ വയ്ക്കുന്നതിന് പകരം കൈയില്‍ തൂക്കിയിട്ടുകൊണ്ട് ബൈക്ക് ഓടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉപദേശം നല്‍കിയിരിക്കുന്നത്.
പോസ്റ്റ് പങ്കുവച്ച് നിമിഷനേരത്തിനുള്ളില്‍ സംഗതി ശ്രദ്ധനേടി. നിരവധിപ്പേരാണ് കമന്റ് ബോക്സില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. “ഇത് പോലെ ഒരു പെര്‍ഫെക്റ്റ് ട്രോള്‍, അതും ഇത്ര നല്ല സന്ദേശം അടങ്ങിയത്, അഭിനന്ദനങ്ങള്‍”, “ക്യാപ്ഷൻ ഒരു രക്ഷേം ഇല്ല സാറേ… ഇനി കയ്യില്‍ ഹെല്‍മെറ്റ് ഇടില്ല” എന്നുതുടങ്ങി “ഒരു എംപിയെ ഇങ്ങനെയൊക്കെ ട്രോളാമോ?”, “നടക്കുന്നവൻ പോലും വെക്കണം.. അത്ര നല്ല റോഡാ…”, എന്നിങ്ങനെ നീളുന്നു പോസ്റ്റിലെ കമന്റുകള്‍.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ട് ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
തല ‘സ്ഥാനം’ മാറാതിരിക്കാന്‍; “തല മുഖ്യം ബിഗിലെ.. ഹെല്‍മെറ്റും”, ഉപദേശവുമായി കേരള പൊലീസ്
