തിരുവനന്തപുരം : മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകിയിട്ടുള്ളത്.
കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ അവധി തലേന്ന് പ്രഖ്യാപിക്കണം; കളക്ടർമാരോട് വിദ്യാഭ്യാസ മന്ത്രി
