ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ പുതുചരിത്രം രചിക്കാൻ ഐ.എസ്.ആര്‍.ഒ. ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും.ഉച്ചക്ക് 2:35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. ചാന്ദ്ര രഹസ്യത്തിന്റെ ചുരുളഴിക്കാൻ രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 തയ്യാറായി കഴിഞ്ഞു. എല്‍.വി.എം-3 എന്ന റോക്കറ്റാണ് ചന്ദ്രയാൻ പേടകത്തെയും വഹിച്ച് ആകാശത്തേക്കുയരുക. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. അവസാന വട്ട സുരക്ഷാ പരിശോധനകളും നടത്തി. ഇന്ന് വിക്ഷേപിച്ച് ആഗസ്റ്റ് 24 ന് ചന്ദ്രനില്‍ ഇറക്കുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതാണ് മിഷനിലെ ഏറ്റവും ദുഷ്കരമായ പ്രക്രിയ. വിജയിച്ചാല്‍ ഇത് കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രയാൻ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് നിരവധി മാറ്റങ്ങള്‍ ചന്ദ്രയാൻ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടൻതന്നെ റോവര്‍ വേര്‍പെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.
ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍
