ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു.അങ്കമാലി മഞ്ഞപ്ര സ്വദേശിനി ലിജി രാജേഷാണ് (40) കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ മൂക്കന്നൂരിലെ എം.എ.ജി.ജെ ആശുപത്രിയില്‍ രോഗികളും ജീവനക്കാരും നോക്കിനില്‍ക്കെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. ആലുവ സ്വദേശി മഹേഷാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ലിജിയുടെ അമ്മ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിപ്പിനെത്തിയ ലിജി ആശുപത്രിയിലെ നാലാം നിലയിലെ മുറിയില്‍ വിശ്രമിക്കുന്നതിനിടെ പ്രതി മുറിയില്‍ അതിക്രമിച്ചു കയറി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇതോടെ മുറിയില്‍നിന്ന് പുറത്തേക്കോടിയ ലിജിയെ പ്രതി പിന്തുടര്‍ന്ന് പിടികൂടുകയും ആശുപത്രി വരാന്തയില്‍ വെച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രി ജീവനക്കാര്‍ അറിയിച്ച പ്രകാരം അങ്കമാലി പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു; പ്രതി പിടിയില്‍
