മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന് നാണക്കേടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രതികരണം.
‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. എന്റെ ഹൃദയം വേദനയും കോപവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. രാജ്യത്തിന്റെ ഏത് കോണിലായാലും രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനം ആവശ്യമാണ്.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; ‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല’
