മലയാളിക്ക് ആനവണ്ടി എന്നും ഒരു വികാരമാ ണ്. കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾക്ക് വാഹനപ്രേമികൾക്കിടയിൽ ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകൾ പോലും ഉണ്ട്. ഇപ്പോഴിതാ കെ.എസ്.ആര്‍.ടി.സി. കെ സ്വിഫ്റ്റിന്റെ ഭാഗമായി 131 പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് നിരത്തിലിറക്കിയിരുക്കുന്നത്. രൂപത്തിലും ഭാവത്തിലും ഒട്ടനവധി പ്രത്യേകതകളോടെയാണ് പുത്തൻ സൂപ്പര്‍ ഫാസ്റ്റിന്‍റെ വരവ്. പുതിയലുക്കിൽ ആനവണ്ടി സൂപ്പറാണെന്നാണ് ആരാധകർ പറയുന്നത്.
12 മീറ്റര്‍ നീളമുള്ള വേഗ മോഡല്‍ ലെയ്‌ലാന്‍ഡ് എയര്‍ സസ്‌പെന്‍ഷന്‍ ബസുകളാണ് നിരത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്. അശോക് ലെയ്ലാൻഡ് ഷാസിയിൽ ബംഗളൂരു ആസ്ഥാനമായ എസ്.എന്‍. കണ്ണപ്പ പ്രകാശ് ഓട്ടോയാണ് ബസുകളുടെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 38 ലക്ഷമാണ് ഒരു ബസിന്റെ വില. പ്ലാന്‍ ഫണ്ടിൽനിന്ന് 50 കോടി ചെലവിട്ടാണ് ബസുകൾ വാങ്ങിയത്.
55 സീറ്റുകളാണ് ബസിലുള്ളത്. യാത്രക്കാരെ വിളിച്ചുകയറ്റാനുള്ള അനൗൺസ്മെന്‍റ് സൗകര്യം ഒരു പ്രത്യേകതയാണ്. ഡ്രൈവർക്കാണ് അനൗൺസ്മെന്‍റ് ചുമതല. ബസ് സ്റ്റാൻഡുകളിൽ മാത്രമല്ല, സ്റ്റോപ്പുകളിലും ഇവ ഉപയോഗിക്കാം. പുറത്തെ ബോഡിയിലാണ് ഉച്ചഭാഷിണി. സുരക്ഷക്കായി അഞ്ച് കാമറ, എല്ലാ സീറ്റിലും ചാർജിങ് യൂനിറ്റ്, ജി.പി.എസ്, ബസിനെ നിരീക്ഷിക്കാൻ ഐ-അലർട്ട് അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ടി.വിയുമുണ്ട്.
2022 ഏപ്രില്‍ 11നാണ് സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യഘട്ടമായി 116 ബസുകളാണ് എത്തിയിരുന്നത്. പിന്നാലെ 50 ഇലക്ട്രിക് ബസുകള്‍ കൂടി എത്തിയതോടെ സ്വിഫ്റ്റിലെ ബസുകളുടെ എണ്ണം 166 ആയിരുന്നു. ഇതിലേക്കാണ് 131 പുതിയ ബസുകളും എത്തിയിരിക്കുന്നത്.
ലുക്ക് ഗംഭീരമെന്ന് ആരാധകർ; പുത്തൻ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന്‍റെ സവിശേഷതകൾ
