പറന്നുയർന്ന ഉടൻ യാത്രക്കാരൻ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയതോടെ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. യാത്രക്കാരനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വിമാനം പറന്നുയർന്ന ഉടൻ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
യാത്രക്കാരൻ അക്രമാസക്തനാകുകയും രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ മർദിക്കുകയും ചെയ്‌തുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിൽ നിന്ന് രാവിലെ 6.35നാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അൽപ്പ സമയത്തിന് ശേഷം യാത്രക്കാരൻ പ്രശ്‌നമുണ്ടാക്കിയത്. ഇതോടെ വിമാനം വീണ്ടും ഡൽഹിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് രാവിലെ 9.40ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി.
സംഭവത്തിൽ എയർലൈൻ ഡൽഹി എയർപോർട്ട് പോലീസിൽ പരാതി നൽകുകയും മോശം പെരുമാറ്റം നടത്തിയ യാത്രക്കാരനെ പോലീസിന് കൈമാറുകയും ചെയ്‌തു. വിഷയത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രസ്‌താവന ഇതുവരെ പുറത്തുവന്നിട്ടില്ല.