സംസ്ഥാനത്തെ കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് മുതൽ നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ് 80 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 30 രൂപയിൽ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ ഇത് 1000 മുതൽ 5000 രൂപ വരെയാകും. പെർമിറ്റ് ഫീസ് ആവട്ടെ, പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയാകും.
നഗര മേഖലയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 750 രൂപയിൽ നിന്ന് 15,000 രൂപയാകും. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയായും വർധിക്കും.