ന്യൂഡൽഹി: കർണാടകയിൽ വിചാരണ കോടതി ജഡ്ജിയെ സർവിസിൽനിന്ന് പുറത്താക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഒരു കേസിൽ വിധിയുടെ മുഴുവൻ ഭാഗവും തയാറാക്കുകയോ നിർദേശിക്കുകയോ ചെയ്യാതെ അവസാന ഭാഗം തുറന്ന കോടതിയിൽ പറയാൻ ജുഡീഷ്യൽ ഓഫിസർക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ഗുരുതരമായ കൃത്യവിലോപം നടത്തിയ സംഭവത്തിൽ നേരത്തെ വിചാരണ കോടതി ജഡ്ജിയെ കർണാടക ഹൈകോടതി ഫുൾ ബെഞ്ച് പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഈ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈകോടതി രജിസ്ട്രാർ ജനറൽ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.
ഗുരുതര കൃത്യവിലോപം നടന്ന വിഷയത്തിൽ വിചാരണ കോടതി ജഡ്ജിയെ വെള്ളപൂശാൻ നടത്തിയ കർണാടക ഹൈകോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, വിചാരണ കോടതി ജഡ്ജിയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. കോടതികളിൽ ജഡ്ജിമാരുടെ വിധി പ്രഖ്യാപനവുമായും തീരുമാനങ്ങൾ എടുക്കുന്നതുമായും ബന്ധപ്പെട്ട് ചില ആരോപണങ്ങൾ നിലനിൽക്കുന്നുവെന്നത് ശരിയാണ്. അതിനാൽ അത്തരം ആരോപണങ്ങൾ തള്ളുകയാണ്. എന്നാൽ, വിധിന്യായങ്ങൾ തയാറാക്കുകയോ നിർദേശിക്കുകയോ ചെയ്യാതെ, ഒരു ന്യായവിധി നൽകുന്നതിൽ കാണിച്ച കടുത്ത അശ്രദ്ധ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്റ്റെനോഗ്രാഫറുടെ പരിചയക്കുറവും കാര്യക്ഷമതയില്ലായ്മയും മൂലമാണ് ഇത് സംഭവിച്ചതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
കൃത്യവിലോപം: വിചാരണ കോടതി ജഡ്ജിയെ പുറത്താക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
