തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലാണ് ട്രെയിന്‍ എത്തിയിരിക്കുന്നത്. നേരത്തെ പാലക്കാട് സ്റ്റേഷനിലെത്തിയ ട്രെയിനിനെ വലിയ രീതിയില്‍ സ്വീകരിച്ചിരുന്നു. ജീവനക്കാര്‍ക്ക് മാലയിട്ടും മധുരം നല്‍കിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു സ്വീകരണം. ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്.