കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്ന തരത്തിലുള്ള യൂനിഫോം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ധരിക്കുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി. ചട്ടപ്രകാരം അനുവദിച്ചിട്ടില്ലാത്ത യൂനിഫോമാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി പി.എ. ജനീഷ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
സുപ്രധാന ചുമതലകൾ നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ യൂനിഫോമും മുദ്രകളും മറ്റ് ഉദ്യോഗസ്ഥർ ധരിക്കുന്നത് കേരള പൊലീസ് ആക്ട് പ്രകാരം ചട്ട വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദം 213 (3) പ്രകാരം യൂനിഫോമുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങളുള്ളതായി കോടതി ചൂണ്ടിക്കാട്ടി. വാഹനപരിശോധന, നിയമലംഘനങ്ങൾ തുടങ്ങിയ പൊതുജനസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ജോലികൾ നിർവഹിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ എളുപ്പം തിരിച്ചറിയാൻ വേഷവും മുദ്രകളും അനിവാര്യമാണ്.
അതിനാൽ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കാക്കി യൂനിഫോമും നക്ഷത്രമടക്കമുള്ള മുദ്രകളും ധരിക്കാം. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് വാറന്‍റ് ഇല്ലാതെ ഒരു സ്ഥലത്ത് പരിശോധന നടത്താനും എം.വി.ഐ റാങ്കിനോ അതിന് മുകളിലോ ഉള്ളവർക്ക് വ്യാജരേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ യൂനിഫോമിനെതിരായ ഹരജി ഹൈകോടതി തള്ളി
