ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് വീണ്ടും തിരിച്ചടി. സുപ്രീംകോടതിയിൽ പൾസർ സുനി നൽകിയ ജാമ്യ ഹർജി തള്ളി. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്.