ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ എങ്ങോട്ടുമാറ്റണം എന്ന കാര്യത്തിൽ സർക്കാർ ഒരാഴ്ച്ചക്കുള്ളിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം ആനയെ പറമ്പികുളത്തേക്കു തന്നെ മാറ്റേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ കടുത്ത എതിർപ്പുമായി പ്രദേശവാസികളുടെ നേതൃത്വത്തിൽ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജിയിലാണ് സർക്കാരിനോട് കോടതി നിലപാട് ആരാഞ്ഞത്. ഇന്നും പറമ്പികുളത്ത് അരിക്കൊമ്പനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സത്യാഗ്രഹ സമരം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.