കൊച്ചി: കാത്തിരിപ്പിനൊടുവിൽ ജലമെട്രോ സർവിസിനെത്തുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പൂർണ സജ്ജമായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുന്ന നിലപാടിലായിരുന്നു അധികൃതർ. ഉദ്ഘാടകനെ ലഭിക്കാത്തതിനാൽ പദ്ധതി വൈകിക്കുന്നത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഹൈകോടതി -ബോൾഗാട്ടി -വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവിസ് ആരംഭിക്കുന്നത്. ബുധനാഴ്ച മുതൽ യാത്രക്കാരെ കയറ്റിയുള്ള സർവിസ് ആരംഭിക്കുമെന്നാണ് വിവരം. ഈ ടെർമിനലുകളുടെ നിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്.
ഇതിനുള്ള സാങ്കേതിക അനുമതികളും ലഭിച്ചിരുന്നു. കൊച്ചി കപ്പൽശാലയാണ് ബോട്ടുകൾ നിർമിച്ച് നൽകുന്നത്. അഞ്ച് ബോട്ടുകൾ ലഭ്യമായാൽ സർവിസ് ആരംഭിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ അധികൃതർ വിശദീകരിച്ചിരുന്നത്. എന്നാൽ, എട്ട് ബോട്ട് കിട്ടിയിട്ടും നടപടി ഉണ്ടായില്ല. അടിയന്തര ആവശ്യങ്ങൾക്കുള്ള മറ്റൊരു ബോട്ടും തയാറായിട്ടുണ്ട്. ബോട്ടുകളുടെ ട്രയൽ റൺ നാളുകളായി പുരോഗമിക്കുന്നുണ്ട്. ജലമെട്രോയുടെ രണ്ടാംഘട്ടം എവിടെനിന്ന് ആരംഭിക്കുമെന്നതിനെക്കുറിച്ച് അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
യാത്രക്കാരുടെ എണ്ണം, കായലിലെ തടസ്സങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. 38 ടെർമിനലുകളാണ് ജലമെട്രോക്ക് ആകെയുണ്ടാകുക. ഇതില്‍ വൈറ്റിലയിലും കാക്കനാടുമുള്ള ടെര്‍മിനലുകള്‍ 2021ൽ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വിസിനെത്തും.
പ്രധാനമന്ത്രി ചൊവ്വാഴ്ച ജലമെട്രോ ഉദ്ഘാടനം നിർവഹിക്കും
