ഇടുക്കി: പൂപ്പാറ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയ്ക്കു സമീപം ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ (8), സുധ(20) എന്നിവരാണ് മരിച്ചത്. ഇരുപതോളം പേർ വാഹനത്തിലുണ്ടായിരുന്നു. 6 പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരായ 16 പേർക്ക് പരുക്കേറ്റു.
വൈകിട്ട് 6.45ന് തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വളവ് തിരിയുന്നതിനു മുൻപ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഇതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.