കൊച്ചി: രാജ്യത്തെ ആദ്യ ജലമെട്രോ നാളെ മുതൽ കൊച്ചിയിൽ സർവിസ് ആരംഭിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ജലമെട്രോ ഉദ്ഘാടനം ചെയ്യും. എറണാകുളം ഹൈകോർട്ട്-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാണ് സർവിസ് തുടങ്ങുന്നത്. 20 രൂപയാണ് മിനിമം ചാർജ്. പരമാവധി 40 രൂപയും.
പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവിസ് നടത്തും. ഹൈകോർട്ട്-വൈപ്പിൻ 20 രൂപയും വൈറ്റില–കാക്കനാട് 30 രൂപയുമാണ് ചാർജ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.
മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.
കൊച്ചി മെട്രോ സ്റ്റേഷനുകളിലേതിന് സമാനമായ രീതിയിലാണ് ടിക്കറ്റെടുക്കേണ്ടത്. ടെർമിനലുകളിലെ കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുത്ത ശേഷം ടിക്കറ്റ് പോസ്റ്റിൽ പഞ്ച് ചെയ്ത് അകത്തേക്ക് കയറാം. അവിടെ സ്ഥാപിച്ച ഫ്ലോട്ടിങ് പൊണ്ടൂണുകളിലൂടെ ബോട്ടിലേക്ക് പ്രവേശിക്കാം. ബോട്ടിനുള്ളിലെ ശീതീകരിച്ച ഭാഗത്തേക്ക് കയറുന്നതിന് ഡോർ തുറക്കാൻ പ്രത്യേക സ്വിച്ചുണ്ട്.
കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ നീല നിറത്തിലാണ് സീറ്റുകൾ. വശങ്ങളിലുള്ള വലിയ ഗ്ലാസിലൂടെ കായൽ കാഴ്ചകൾ ആസ്വദിക്കാം. സുരക്ഷാ നിർദേശങ്ങൾ ദൃശ്യമാകുന്ന സ്ക്രീൻ ബോട്ടിനുള്ളിലുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റുകൾ സീറ്റുകൾക്ക് അടിയിൽ സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകൾ സൂക്ഷിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുമൊക്കെ സംവിധാനങ്ങളുണ്ട്. കായൽപരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ ഘടന. ഓപറേറ്റിങ് കൺട്രോൾ സെന്‍ററിൽനിന്ന് ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.
എട്ട് യാത്ര ബോട്ടും ഒരു ബോട്ട് കം ആംബുലൻസുമാണ് ജലമെട്രോ സർവിസിന് ആദ്യഘട്ടത്തിൽ എത്തിച്ചിരിക്കുന്നത്. ഹൈകോർട്ട്, ബോൾഗാട്ടി, വൈപ്പിൻ എന്നിവ കൂടാതെ വൈറ്റില, കാക്കനാട് ടെർമിനലുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ ടെർമിനലുകളുടെ നിർമാണം കഴിഞ്ഞെങ്കിലും പൊണ്ടൂണുകൾ സ്ഥാപിക്കാനുണ്ട്. കൂടുതൽ ബോട്ടുകൾ കൊച്ചി കപ്പൽശാലയിൽനിന്ന് ലഭിക്കുന്ന മുറക്ക് ഇവിടേക്കും സർവിസ് നീട്ടും.
ബോട്ടിലേക്ക് കയറുമ്പോൾ…
ടെർമിനലിൽനിന്ന് ബോട്ടിലേക്ക് കയറുന്ന ഭാഗത്ത് ഫ്ലോട്ടിങ് പൊണ്ടൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കായലിലെ വെള്ളം ഉയരുകയും താഴുകയും ചെയ്താലും ബോട്ടും പ്ലാറ്റ്ഫോമും ഒരേ നിരപ്പിലായിരിക്കും. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതമായി ബോട്ടിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. ബാറ്ററി തീർന്നാൽ യാത്ര തുടരാൻ ഡീസൽ ജനറേറ്ററുമുണ്ട്.
ആദ്യഘട്ടത്തിലെത്തിച്ച ബോട്ടുകളിൽ 100 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഇതിൽ 50 സീറ്റാണുണ്ടാകുക. ബാക്കിയുള്ളവർക്ക് നിന്ന് യാത്ര ചെയ്യാം. കൂടുതൽ ടെർമിനലുകൾ യാഥാർഥ്യമാകുമ്പോൾ 50 പേരെ ഉൾക്കൊള്ളുന്ന ബോട്ടുകളുമെത്തും. ഓരോ ബോട്ടിന്‍റെയും ശേഷിയേക്കാൾ കൂടുതൽ ഒരാൾക്കുപോലും അധികമായി യാത്രചെയ്യാനാകില്ല. യാത്രക്കാർ അധികം കയറിയാൽ ബോട്ടിലെ പാസഞ്ചർ കൗണ്ടിങ് സിസ്റ്റം സിഗ്നൽ നൽകും. തുടർന്ന് ആളെ ഇറക്കിയതിന് ശേഷമായിരിക്കും സർവിസ് ആരംഭിക്കുക.
ഹൈകോടതി ജങ്ഷൻ ജലമെട്രോ ടെർമിനൽ
ഇവർ നിയന്ത്രിക്കും…
ഒരു ബോട്ട് മാസ്റ്ററും രണ്ട് അസി. ബോട്ട് മാസ്റ്റർമാരുമാണ് ജലമെട്രോ ബോട്ട് നിയന്ത്രിക്കുക. വീൽഹൗസിലിരുന്ന് ബോട്ട് മാസ്റ്റർ യാത്ര നിയന്ത്രിക്കുമ്പോൾ മറ്റുഭാഗങ്ങളിലെ കാര്യങ്ങൾ അസി. ബോട്ട് മാസ്റ്റർമാർ പരിശോധിക്കും. ഇവർ തമ്മിൽ വാക്കിടോക്കിയിലൂടെ നിർദേശങ്ങൾ കൈമാറും. നാലുഭാഗത്തുമുള്ള സി.സി ടി.വി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ തത്സമയം ബോട്ട് മാസ്റ്റർക്ക് നിരീക്ഷിക്കാനാകും.
ബോട്ടിലുള്ള റഡാർ സംവിധാനത്തിലൂടെയും നിരീക്ഷണമുണ്ടാകും. ബോട്ടിന്‍റെ വേഗം, ദിശ, സഞ്ചരിക്കുന്ന ഭാഗത്തെ കായലിന്‍റെ ആഴം എന്നിവ കൃത്യമായി അറിയാം. വെള്ളത്തിനടിയിലോ സഞ്ചാരപാതയിലോ തടസ്സങ്ങളുണ്ടെങ്കിൽ ബോട്ട് മാസ്റ്റർക്ക് അറിയാനാകും. എത്ര ദൂരെയാണ് തടസ്സം സ്ഥിതി ചെയ്യുന്നതെന്നും അതിലേക്ക് എത്ര സമയത്തിനുള്ളിൽ എത്തുമെന്നതുമെല്ലാം കൃത്യമായി മുന്നിലുള്ള ഡിസ്പ്ലേയിൽ ദൃശ്യമാകും. ബോട്ടിന്‍റെ പിൻഭാഗത്താണ് എൻജിൻ. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ബോട്ട്.
കുറഞ്ഞ നിരക്ക് 20 രൂപ, 10 ദ്വീപുകളിൽ സർവിസ്, എ.സി ബോട്ടുകൾ; കൊച്ചിക്കായലിൽ ഇനി ജലമെട്രോയുടെ ദിനങ്ങൾ
