ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലെ അലോപ്പതി- ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകണമെന്ന ഗുജറാത്ത് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരെയും ആയുർവേദ ഡോക്ടർമാരെയും ഒരുപോലെ കാണണമെന്ന 2012ലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളിലാണ് ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി.
ആയുർവേദ ചികിത്സകരുടെ പ്രാധാന്യം അംഗീകരിച്ച് തദ്ദേശീയമായ ബദൽ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി അതേസമയം ഇരുവിഭാഗം ഡോക്ടർമാരും ഒരുപോലെ ശമ്പളം നൽകാവുന്ന ഒരേ ജോലിയല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിലും പരിക്കുകളേൽക്കുമ്പോഴും അലോപ്പതി ഡോക്ടർമാർക്ക് ചെയ്യാൻ കഴിയുന്നത് ആയുർവേദ ഡോക്ടർമാർക്കാവില്ല.
എം.ബി.ബി.എസ് ഡോക്ടർമാർ നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനും ആയുർവേദക്കാർക്ക് കഴിയില്ല. ഒരു ചികിത്സാ സമ്പ്രദായം മറ്റൊന്നിന് മുകളിലാണെന്ന് നാം മനസ്സിലാക്കരുത്.
വൈദ്യശാസ്ത്രത്തിലെ ഈ രണ്ട് ശാഖകളുടെയും ആപേക്ഷികമായ മെച്ചം കണക്കാക്കേണ്ട ബാധ്യത കോടതിക്കില്ല. ആയുർവേദത്തിന്റെ ചരിത്രം നിരവധി നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്നതാണെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ല -സുപ്രീംകോടതി
