വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം പതിമൂന്നായി. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മരക്കാനം ഇൻസ്പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരും വ്യാജമദ്യം കഴിച്ച് മരിച്ചു. 35 ഓളം പേർ ചികിത്സയിലാണെന്നും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് ഐ.ജി എൻ കണ്ണൻ അറിയിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.