വാഷിങ്ടൺ: രണ്ടിടങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ ട്രാക്ക് നിർമിക്കുമെന്ന് ഒരു പരിപാടിയിൽ പറഞ്ഞതേ ഓർമയുള്ളൂ, ട്രോൾ മഴയിൽ നനഞ്ഞുകുതിരുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പസഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകേ റെയിൽവേ ട്രാക്ക് നിർമിക്കാൻ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്റെ വാക്കുകൾ. ഇതാണ് പരിഹാസങ്ങൾക്ക് വഴിവെച്ചത്.
ലീഗ് ഓഫ് കൺസർവേഷൻ വോട്ടേഴ്സിന്റെ ആനുവൽ കാപിറ്റൽ ഡിന്നർ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡൻറെ നാക്കുപിഴ. ബൈഡന്റെ റെയിൽവേ ട്രാക്ക് നിർമാണ പദ്ധതിയെ കുറിച്ചുള്ള വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവെക്കുകയുമായിരുന്നു.നിർഭയമായ ചുവടുവെപ്പ്’ എന്നാണ് പലരും ബൈഡൻറെ റെയിൽവേ ട്രാക്ക് പദ്ധതിയെ പരിഹാസത്തിൽ പൊതിഞ്ഞ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ബൈഡനെ പരിഹസിച്ച് രംഗത്തെത്തി. ആരാണ് ആ ട്രെയിൻ ഓടിക്കുക, സ്പോഞ്ച് ബോബോ എന്നായിരുന്നു കൺസർവേറ്റീവ് കോളമിസ്റ്റായ ഇയാൻ ഹാവോർത്തിന്റെ ചോദ്യം.
ഇതാദ്യമായല്ല, ബൈഡൻ നാക്കുപിഴയിൽ കുടുങ്ങുന്നത്. കുറച്ചുമാസം മുൻപ്, കനേഡിയൻ പാർലമെന്റിലെ പ്രസംഗത്തിനിടെ ചൈനയെ അദ്ദേഹം അബദ്ധത്തിൽ പുകഴ്ത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞതിന് പിന്നാലെ തിരുത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍മഹാസമുദ്രത്തിന് കുറുകേ റെയില്‍പാളം നിര്‍മിക്കുമെന്ന് ബൈഡന്‍
