കുമളി: വിവാഹവാഗ്ദാനം നൽകി ഹരിയാണ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ. പാലാ സ്വദേശി മാത്യു ജോസ് (36), കുമളി ചെങ്കര സ്വദേശി കെ.സക്കീർമോൻ(24) എന്നിവരാണ് പിടിയിലായത്. കട്ടപ്പനയിൽ വ്യാപാരം നടത്തുകയായിരുന്ന മാത്യു ജോസ് സമൂഹമാധ്യമംവഴിയാണ് യുവതിയുമായി പരിചയപ്പെട്ടത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
കുമളിയിലെ സ്വകാര്യ റിസോർട്ടിൽ, ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സക്കീർമോനും യുവതിയെ പീഡിപ്പിച്ചു. പിന്നീട് പ്രതികൾ, യുവതിയുടെ നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി സ്വർണവും പണവും കൈക്കലാക്കി. മുപ്പത്തഞ്ച് ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ യുവതി പരാതിപ്പെടുകയായിരുന്നു.
ഇതറിഞ്ഞ് പ്രതികൾ മുങ്ങി. പല സ്ഥലങ്ങളിൽ ഒളിവിൽക്കഴിഞ്ഞ ഇവരെ ഡൽഹിയിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് കുമളി പോലീസ് എസ്.എച്ച്.ഒ. ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.