ബെംഗളൂരു ∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഷോക്കേസിൽ ഏറ്റവും കൂടുതൽ ഉള്ള ട്രോഫിയാണ് സാഫ് കപ്പ്. ഇതുവരെ നടന്ന 13 സാഫ് ചാംപ്യൻഷിപ്പുകളിൽ എട്ടിലും ചാംപ്യൻമാരായത് ഇന്ത്യയാണ്. 2021ൽ ഒടുവിൽ ചാംപ്യൻഷിപ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. അതു കൊണ്ടു തന്നെ ഇന്നു പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം മാത്രമല്ല, 9–ാം കിരീടം തന്നെയാകും ഇന്ത്യയുടെ മനസ്സിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ഇന്ന് ആദ്യ മത്സരത്തിൽ വൈകിട്ട് 3.30ന് കുവൈത്ത് നേപ്പാളിനെ നേരിടും.
ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന്റെ പകിട്ടോടെയാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നതെങ്കിലും ഇത്തവണ അത്ര അനായാസമാകില്ല കാര്യങ്ങൾ. ഭുവനേശ്വറിലെ ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും ഗൾഫ് രാജ്യമായ കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഫിഫയുടെ വിലക്കുമൂലം മത്സരങ്ങളിൽ പങ്കെടുക്കാനാവാതെ 143–ാം സ്ഥാനത്തേക്കു വീണെങ്കിലും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് അവർ.
ഇന്ത്യ, കുവൈത്ത്, നേപ്പാൾ, പാക്കിസ്ഥാൻ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ബി ഗ്രൂപ്പിൽ ലബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവർ. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിഫൈനലിലെത്തും. ജൂലൈ നാലിനാണ് ഫൈനൽ. ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള പാക്കിസ്ഥാൻ (195) ഇന്ന് ഇന്ത്യയ്ക്കു (101) വെല്ലുവിളിയുയർത്തുന്ന എതിരാളികളല്ല. വീസ വൈകിയതുമൂലം ഇന്നലെയാണ് പാക്ക് ടീം ബെംഗളൂരുവിലെത്തിയത്
റാങ്കിങ്ങിൽ 195-ാമത്, പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് ഭീഷണിയല്ല; പോരാട്ടം ഇന്നു രാത്രി
