സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടരുത് എന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. ബാഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ സ്കൂളുകളോട് ആവശ്യപ്പെടുന്നു. കര്‍ണാടകയിലെ സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ബുധനാഴ്ച സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.
1-2 ക്ലാസിലെ കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാംവരെ ഭാരവും 3-5 ക്ലാസിലുള്ള കുട്ടികള്‍ക്ക് 2-3 കിലോഗ്രാം വരെ ഭാരവും 6- 8 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് 3- 4 കിലോഗ്രാം വരെയും 9, 10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം വരെയും ആകാം എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേ സ്കൂളുകളില്‍ ആചരിക്കണം എന്നും സര്‍ക്കുലര്‍ പറയുന്നു. നോ ബാഗ് ഡേ ആചരിക്കാൻ ശനിയാഴ്ചകള്‍ തെരഞ്ഞെടുക്കാമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍ വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂള്‍ ബാഗിന്റെ ഭാരം; പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍
