തിരുവനന്തപുരം: കൊറിയൻ കാർ നിർമ്മാണ കമ്പനിയായ കിയ ഇന്ത്യയിലെ കാർണിവലിന്റെ വിൽപ്പന അവസാനിപ്പിച്ചു. കുറഞ്ഞ വിലയിൽ ഇന്ത്യയിലെത്തിയ ആർഭാട കാർ ബ്രാൻഡാണ് കിയ കാർണിവൽ. കാർണിവലിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റിൽ നിന്ന് വാഹനത്തിന്റെ വിവരങ്ങൾ നീക്കം ചെയ്തു. കൂടാതെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴി ഓഡർ സ്വീകരിക്കുന്നതും നിർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോവ ഒഴിവാക്കി കറുത്ത കിയ കാർണിവലിലായിരുന്നു യാത്ര. പ്രതിഷേധക്കാരുടെ കരങ്കൊടികൾ പാറിയതും ഇതേ കാറിന് മുന്നിലായിരുന്നു. സമരക്കാരെ മുഖവിലയ്‌ക്കെടുക്കാതെ നഗര മദ്ധ്യത്തിലൂടെ ചീറി പാഞ്ഞതും ഇതേ കാറിൽ. സുരക്ഷയുടെ കാര്യത്തിൽ മറ്റ് കാർ കമ്പനിയേക്കാൾ ഏറെ മുന്നിൽ നിൽക്കുന്നതും കിയ കാർണിവലാണ്. 2020-ൽ ഇന്ത്യ ഓട്ടോ എക്സ്പോയിലാണ് കാർണിവൽ ആദ്യമായി ഇന്ത്യയിലെത്തുന്നത്. വർഷങ്ങളായി അടക്കിവാണിരുന്ന ടൊയോട്ട, ഇന്നോവ, എംപിവി ശ്രേണിയയെ വിറപ്പിച്ചാണ് കിയ കാർണിവൽ ഇന്ത്യൻ വിപണിയിലെത്തിയത്.
നിരവധി സവിശേഷതകളാണ് കാർണിവലിനെ വാഹനപ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കിയത്. ഐഎസ്ഒ ഫിക്‌സ് ആങ്കറുകൾ, ഹെഡ് പ്രൊട്ടക്റ്റിങ് എയർ ബാഗുകൾ, എമർജൻസി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ൻ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സവിശേഷതകളാണ് യാത്രകാർക്ക് സുരക്ഷയൊരുക്കുന്നത്. ഇന്ത്യയിൽ 30.99 ലക്ഷം മുതൽ 35.45 ലക്ഷം വരെയായിരുന്നു കാർണിവലിന്റെ വില. വെള്ള, കറുപ്പ്, സിൽവർ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്. മൂന്ന് വർഷമായി രാജ്യന്തര വിപണിയിൽ തിളങ്ങുന്ന മോഡലാണ് കാർണിവൽ. പുതിയ മോഡൽ അടുത്ത വർഷം ഇന്ത്യയലെത്തുമെന്നാണ് സൂചനകൾ.
കിയ കാർണിവൽ ഇനി വിപണിയിലില്ല; വിൽപ്പന അവസാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാർ ബ്രാൻഡ്
