സാഫ് ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പാകിസ്താനെതിരേ തകര്‍പ്പൻ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് സുനില്‍ ഛേത്രിയും സംഘവും.ഹാട്രിക്ക് നേടിയ നായകന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യൻ ടീം പാകിസ്താനെ തകര്‍ത്തുവിട്ടത്.
ഹാട്രിക്ക് നേട്ടത്തോടെ രാജ്യാന്തര തലത്തിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഛേത്രിക്കായി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി (103), മുൻ ഇറാൻ താരം അലി ദേയി (109), പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (123) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളവര്‍.
138 മത്സരങ്ങളില്‍ നിന്നായി 90 ഗോളുകളാണ് ഛേത്രി ഇന്ത്യയ്ക്കായി നേടിയത്. ഇതോടെ, ഏഷ്യൻ കളിക്കാരില്‍ മലേഷ്യയുടെ മൊഖ്താര്‍ ദഹാരിയെ (89 ഗോള്‍) പിന്തള്ളി ഗോള്‍ വേട്ടയില്‍ ഛേത്രി രണ്ടാം സ്ഥാനത്തെത്തി. അലി ദേയിയാണ് ഈ പട്ടികയില്‍ ഒന്നാമത്.
പാകിസ്താനെതിരേ ഹാട്രിക്ക്; ഗോള്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തി ഛേത്രി
